
സുരേഷ് ഗോപി ചിത്രം ജെഎസ്കെ ക്ക് ഇന്ന് പ്രദർശനാനുമതി ലഭിച്ചേക്കും. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കാമെന്ന് കഴിഞ്ഞ ദിവസം നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് സിനിമയുടെ പുതിക്കിയ പതിപ്പ് സെൻസർബോർഡിന് സമർപ്പിക്കും. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും മാത്രം സമർപ്പിച്ചാൽ മതിയെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു. ഈ ഭാഗങ്ങൾ പരിശോധിച്ച ശേഷം ഇന്നുതന്നെ ചിത്രത്തിന് പ്രദർശനാനുമതി നൽകും എന്നാണ് സൂചന.
ചിത്രത്തിന്റെ പേരിലെ മാറ്റത്തിനൊപ്പം വിചാരണ രംഗങ്ങളിൽ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ചിത്രം എത്രയും വേഗം തീയറ്ററുകളിൽ എത്തിക്കാനാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. സിനിമയിൽ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം മാറ്റില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം 'ജാനകി' എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്.











